History of Pattambalam


Amme Sharanam Devi Sharanam


മാവേലിക്കര താലൂക്കിലും, ചെങ്ങന്നൂര്‍ താലൂക്കിലുമായി സ്ഥിതി ചെയ്യുന്ന ഇരമത്തൂരിന്‍റെ ഇരു കൈകളിലുമായി നൂറ്റിയെട്ടു ബ്രാഹ്മണ കുടുംബങ്ങള്‍ അധിവസിച്ചിരുന്നതായി പരക്കെ വിശ്വസിക്കപ്പെട്ടു. ഇന്നും ബ്രാഹ്മണ മഠങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വടക്കേ അറ്റത്തുള്ള നമ്പീമഠത്തിനും, തെക്കേ അറ്റത്തുള്ള പട്ടരുമഠത്തിനും ഉള്ളിലായി വടശ്ശേരിമഠം, മുളനവ മഠം, ഇടവന മഠം, കീച്ചേരി മഠം, ഉളിയനാ മഠം, മുക്കത്ത് എളിയമഠം എന്നിവ നിലനില്ക്കുന്നെങ്കിലും, ഒറ്റ ബ്രാഹ്മണന്‍ പോലും ഇപ്പോള്‍ ഈ സ്ഥലത്തില്ല. ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ വടക്കായി ഒറ്റയില്‍ മനയെന്ന പേരില്‍ ഒരില്ലം നിലവിലുണ്ട്. ഈ പ്രദേശത്തിനു പടിഞ്ഞാറു ഭാഗം അപ്പര്‍ കുട്ടനാടന്‍ പുഞ്ച പാടങ്ങളാണ്. വടക്കുഭാഗത്തുകൂടി പമ്പാനദിയും, തെക്കുഭാഗത്തുകൂടി അച്ചന്‍കോവിലാറും ഒഴുകിയെത്തി ഈ പ്രദേശത്തിന്‍റെ പടിഞ്ഞാറെ അതിര്‍ത്തിയില്‍ സംഗമിച്ച് ഒന്നായി കുട്ടനാട്ടിലേക്ക് ഒഴുകുന്നു. സംഗമസ്ഥലത്തിനു കിഴക്കുഭാഗത്തുള്ള സ്ഥലം പണ്ട് കായല്‍ ആയിരിക്കാനാണ് സാദ്ധ്യത. കിഴക്കേ അറ്റത്തായി മാതേര്‍കടവും തെക്കേഅറ്റത്തുള്ള കടവിലും തൃപ്പെരുംതുറയെന്ന പേരും തുറയും ഇന്നും അതേപേരില്‍ നിലനില്‍ക്കുന്നു. മാതേര്‍ കടവിനു സമീപത്തായി വാക്കയില്‍ കളമെന്ന പേരില്‍ ഇപ്പോഴുള്ള സ്ഥലം യുദ്ധക്കളമായിരുന്നതായി അനുമാനിക്കാം. വിദേശീയരായ കൊള്ളക്കാര്‍ അവിടെ പായ്കപ്പലില്‍ വന്നിറങ്ങി കൊലയും, കൊള്ളിവെയ്പും, നടത്തിയതിനാല്‍ സ്ഥലവാസികളായ ബ്രാഹ്മണരും, തദ്ദേശീയരും സ്ഥലം വിട്ടുപോയിരുന്നു. വിദേശീയരായ കൊള്ളക്കാര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്ത് ഒറ്റിക്കൊടുത്തതിനാലോ ഒറ്റപ്പെട്ട് നില്‍ക്കുന്നതിനാലോ ആകാം ആ മനയ്ക്ക് ഒറ്റയില്‍ എന്ന പേരു ലഭിക്കുവാന്‍ ഇടവന്നത്. മുന്‍പറഞ്ഞ ബ്രാഹ്മണ കുടുംബങ്ങള്‍ ഇവിടെ വസിച്ചിരുന്ന കാലത്ത് നാറാണത്ത് ഭ്രാന്തന്‍ തന്‍റെ ദേശസഞ്ചാരത്തിനിടയില്‍ ഈ പ്രദേശത്ത് വന്ന് താമസിച്ചിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ആരാധന മൂര്‍ത്തിയായിരുന്ന സൂര്യദേവനെ ഇവിടെ പ്രതിഷ്ഠിച്ചുവെന്നുമാണ് വിശ്വാസം. ക്ഷേത്രത്തിന് അല്പം തെക്കുമാറി നാറാണത്ത് കുന്ന് എന്ന പേരില്‍ ഒരു കുന്ന് അടുത്തകാലം വരെ ഉണ്ടായിരുന്നു. കാടുപിടിച്ചു കിടന്ന ആ സ്ഥലം ഇന്നും അതേ പേരില്‍ അറിയപ്പെടുന്നു. അല്പകാലത്തിനു മുമ്പു വരെ അവിടെ ഒരാശ്രമത്തിന്‍റെ അവശിഷ്ടങ്ങളും കിണറും കാണാനുണ്ടായിരുന്നു. അതിനു തൊട്ടു കിഴക്കു ഭാഗത്തായി നാറാണത്ത് കുളമെന്നപേരില്‍ അഞ്ച് ഏക്കറോളം വിസ്താരമുള്ള ഒരു കുളവും കാണപ്പെട്ടിരുന്നു.

ഈ കുളത്തില്‍ നിന്നു മീന്‍ പിടിച്ചു ചുട്ടു തിന്നുന്നത് ഭ്രാന്തന്‍റെ ശീലമായിരുന്നതായും പറയപ്പെടുന്നു. കുളത്തിന്‍റെ ഭൂരിഭാഗവും സര്‍ക്കാര്‍ വ്യക്തികള്‍ക്ക് പതിച്ചു നല്കിയെങ്കി ലും ഒരേക്കറോളം ഇന്നും പഞ്ചായത്ത് ചുറ്റുമതില്‍ കെട്ടി സൂക്ഷിക്കുന്നുണ്ട്. പണ്ട് ഇവിടെ നിന്നാണ് അമ്പലപ്പുഴ പ്രതിഷ്ഠയ്ക്കായി നാറാണത്ത് ഭ്രാന്തനെ കൂട്ടിക്കൊണ്ടുപോയതെന്നാണ് വിശ്വാസം. അമ്പലപ്പുഴ താമ്പൂലം(മുറുക്കാന്‍ ചണ്ടി) തുപ്പി’ഇരികൃഷ്ണ’എന്നുപറഞ്ഞ് പ്രതിഷ്ഠ ഉറപ്പിച്ചിട്ടുള്ളതിനാല്‍ ‘തമ്പലപ്പുഴ’ ലോപിച്ചാണ് ‘അമ്പലപ്പുഴ’ ആയിട്ടുള്ളത്. അതേ പോലെ തന്നെ ഭ്രാന്തന്‍റെ പിന്‍ഗാമികള്‍ എന്നറിയപ്പെടുന്ന ആനക്കയം പെരുന്തല്‍മണ്ണ റൂട്ടിലുള്ള പുങ്കുടിമനയ്ക്കു സമീപമുള്ള പന്തലൂര്‍ ക്ഷേത്രത്തിലും വെറ്റത്തുപ്പല്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. അവിടെ പ്രതിഷ്ഠ നടത്തിയശേഷം ഭ്രാന്തന്‍ ഭക്തജനങ്ങളെ ഉപദേശിച്ചത് പ്രത്യക്ഷത്തില്‍ കാണുന്ന ദൈവമായ സൂര്യനെ ധ്യാനിച്ച് ഉപവസിച്ചാല്‍ ആധിയും വ്യാധിയും തീര്‍ന്നുപോകും എന്നാണ്. കേള്‍ക്കുന്നവര്‍ക്ക് വൈരുദ്ധ്യാത്മകമായി തോന്നും നാറാണത്ത് ഭ്രാന്തന്‍റെ പിന്‍ഗാമികള്‍ എന്നവകാശപ്പെടുന്ന പൂങ്കുടി മനയ്ക്കാര്‍ ലോകത്തെ ഏറ്റവും വലിയ ആയുര്‍വ്വേദ ഭ്രാന്ത് ചികിത്സകരാണ്.

നേരത്തെ സൂചിപ്പിച്ചതുപോലെ സ്ഥലവാസികളും ബ്രാഹ്മണരും കൊള്ളക്കാരെ ഭയന്നു സ്ഥലം വിട്ടുപോയതിനാല്‍ അനാഥമായി കിടന്ന ഇവിടെ ക്ഷേത്രോത്സവമോ പൂജകളോ നടന്നിട്ടില്ലെന്നനുമാനിക്കാം. ഇങ്ങനെ അനാഥമായി കിടന്ന സ്ഥലം ഇടപ്പള്ളി തമ്പുരാന്‍റെ അധികാരാതിര്‍ത്തിയില്‍പ്പെട്ടതായിരുന്നു. ക്ഷേത്രത്തിനു രണ്ടു കിലോമീറ്റര്‍ തെക്കായി അതിമനോഹരമായ ഇടപ്പള്ളി തമ്പുരാന്‍റെ ഒരു കൊട്ടാരമുണ്ടായിരുന്നു. മഠത്തുംപടി എന്ന സ്ഥലത്തുണ്ടായിരുന്ന കൊട്ടാരവും അതിനോട് ചേര്‍ന്നുള്ള തമ്പുരാന്‍റെ ഉപാസന മൂര്‍ത്തിയുടെ ക്ഷേത്രവും നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാല്‍ തൃപ്പെരുംതുറ 96-ാം നമ്പര്‍ ച.ട.ട കരയോഗത്തിനു വിട്ടുകൊടുത്തു. കരക്കാര്‍ കൊട്ടാരം ലേലത്തില്‍ വിറ്റത് ഇന്നു അതേ ഭാവത്തിലും രൂപത്തിലും കൊവളത്തു വിദേശ സഞ്ചാരികളെ ആകര്‍ഷിച്ചു കൊണ്ട് പരിലസിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മനയായ പെരിങ്ങോട്ടു ഗ്രാമത്തിലെ ആറാം തമ്പുരാന്‍റെ പൂമുള്ളി മനയെക്കാള്‍ ചെറുതാണെങ്കിലും ശില്പകലയില്‍ അതിഗംഭീരമായിരുന്നു ഇടപ്പള്ളി തമ്പുരാന്‍റെ മഠത്തുംപടിയിലെ കൊട്ടാരം. ഈ കാലഘട്ടത്തില്‍ തമ്പുരാന്‍റെ സന്തതി പരമ്പരയില്‍പ്പെട്ട മുട്ടാട്ടു കുറുപ്പന്‍മാര്‍ തൃപ്പുലിയൂരില്‍ സ്വന്തമായി കളരിയും മറ്റും സ്ഥാപിച്ചു യുദ്ധകാലങ്ങളില്‍ തമ്പുരാനെ സഹായിച്ചു കൊണ്ടിരുന്നു. അക്കാലത്ത് പുലിയൂര്‍ ക്ഷേത്രോത്സവത്തിന് ബ്രാഹ്മണര്‍ ശൂദ്രരായ മുട്ടാട്ടു കുറുപ്പന്‍മാരെ കാലുകഴുകിച്ച് വെള്ളയും പട്ടും വിരിച്ച് ആദരിച്ച് ഇരുത്തിയശേഷം അനുവാദം വാങ്ങി മാത്രമേ പുലിയൂര്‍ ക്ഷേത്രത്തില്‍ കൊടിയേറിയിരുന്നുള്ളു. അന്നു ശൂദ്രരെ ആദരിച്ചു അനുവാദം വാങ്ങുന്നത് ബ്രാഹ്മണര്‍ക്ക് ആക്ഷേപമായിരുന്നതിനാല്‍ മുട്ടാട്ടുകുറുപ്പന്‍മാരെ ആദരിച്ച് ഇരുത്താനുപയോഗിച്ചിരുന്ന പീഠത്തിനിടയില്‍ നാരായം വച്ചു കാര്‍ന്നവരെ വക വരുത്തുകയുണ്ടായി. ആ പക മനസ്സില്‍ വച്ചുകൊണ്ട് മരിച്ചുപോയ കാര്‍ന്നവരുടെ ആണ്ടടിയന്തിരത്തിന് ബ്രാഹ്മണസദ്യയും ദാനവും പ്രഖ്യാപിച്ചുകൊണ്ട് മുട്ടാട്ടു കുറുപ്പന്‍മാര്‍ ബ്രാഹ്മണരെ മുഴുവന്‍ ക്ഷണിച്ച് ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ സദ്യ നടത്തി. സദ്യ പകുതിയായപ്പോള്‍ കുറുപ്പന്‍മാരുടെ തലമുറയിലെ മൂത്ത കാരണവര്‍ ക്ഷേത്ര കവാടങ്ങള്‍ ബന്ധിച്ചു കൊണ്ട് ബ്രാഹ്മണരെ ഒന്നൊന്നായി വെട്ടിക്കൊന്നു കൊണ്ടിരുന്നു. അതില്‍ ഒരാള്‍ ക്ഷേത്രത്തിലെ ബിംബത്തിനു പിന്നില്‍ ഒളിച്ചു. ഒളിച്ചയാളെ വെട്ടിയത് വിഗ്രഹത്തിന് ഏറ്റിരുന്നെന്നും ആ ഭാഗം ചന്ദനം തേച്ചു ശരിയാക്കിയാണ് പിന്നീട് പൂജകള്‍ നടത്തിയിരുന്നെന്നും, ദേവനെ വെളിയിലേക്ക് എഴുന്നുള്ളിക്കുമ്പോള്‍ “മുട്ടാടന്‍മാര്‍ ഉണ്ടോ” യെന്നു വിളിച്ചു ചോദിച്ച് ഇല്ല യെന്നു ഉറപ്പുവരുത്തിയ ശേഷമേ എഴുന്നുള്ളിയ്ക്കുമായിരുന്നുള്ളുവെന്നു മാണ് ഐതിഹ്യം.

ബ്രഹ്മഹത്യാ പാപം മൂലം കുറുപ്പന്‍മാരുടെ കുടുംബത്തില്‍ അടിക്കടി നാശവും ദുര്‍നിമിത്തങ്ങളും വന്നു ഭവിച്ചതിന് പരിഹാരമായി പിതൃസ്ഥാനീയനായ ഇടപ്പള്ളി തമ്പുരാന്‍റെ ഉപദേശപ്രകാരം അവിടെ ഉണ്ടായിരുന്ന വസ്തുവകകള്‍ എല്ലാം ബ്രാഹ്മണര്‍ക്കു ദാനം ചെയ്തിട്ട് തമ്പുരാന്‍റെ അധീനതയിലുള്ള ഇരമത്തൂരില്‍ വല്ല്യത്തു വീട്ടില്‍ സ്ഥിരവാസമുറപ്പിച്ചു. ഇവിടെ സ്ഥിരതാമസമുറപ്പിച്ചെങ്കിലും കുടുംബത്തില്‍ പല വിധത്തിലുള്ള ദുര്‍ നിമിത്തങ്ങളും നാട്ടില്‍ ദുര്‍മൂര്‍ത്തികളുടെ ഉപദ്രവങ്ങളും മൂലം സ്വൈര്യത നഷ്ടപ്പെട്ടതില്‍ ദു:ഖിതനായ കുടുംബത്തിലെ യോഗീശ്വരനായ കാരണവര്‍ പിതൃസ്ഥാനീയായ തമ്പുരാന്‍റെ അനുഗ്രഹാശിസ്സുകളോടെ തന്‍റെ സന്തത സഹചാരികളായ കരയിലെ മറ്റു കാരണവന്‍മാരേയും കൂടി കൊടുങ്ങല്ലൂര്‍ പോയി ഭജനം പാര്‍ത്ത് സര്‍വ്വസംഹാരരുദ്രയായ ഭഗവതിയെ ആവാഹിച്ചു കൊണ്ടുവന്നു. പക്ഷെ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകാതിരുന്നതിനാലും, പ്രതിഷ്ഠയ്ക്ക് അനുയോജ്യനായ തന്ത്രിയെ ലഭിക്കാതിരുന്നതിനാലും താത്കാലികമായി വല്ല്യത്ത് പടിക്കലുള്ള ചുറ്റമ്പലത്തില്‍ കുടിയിരുത്തി. അക്കാലത്ത് രാമപുരത്തുകാരനായ ഒരു ബ്രാഹ്മണ ശ്രേഷ്ഠന്‍ ഈ വഴി വരികയും അദ്ദേഹത്തിന്‍റെ ദിവ്യദൃഷ്ടിയില്‍ ദേവീരൂപം കാണാനിടയാവുകയും അദ്ദേഹം ദേവിയെ ആവാഹിച്ച് ഇന്നുകാണുന്ന രാമപുരം ദേവീക്ഷേത്രത്തില്‍ കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠ നടത്തുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് രാവിലെ ശ്രീകോവിലില്‍ ദേവിയുടെ പ്രതിഷ്ഠ വടക്കോട്ട് ദര്‍ശനമായിരിക്കുന്നത് കണ്ടതിനാല്‍ ആയതിന് കാരണം ചിന്തിച്ചതില്‍ ഇരമത്തൂരിലെ ജനങ്ങളെ നോക്കി മാത്രമേ ഇരിക്കുകയുള്ളുവെന്നും, വിശേഷാവസരങ്ങളില്‍ അവര്‍ക്കുംകൂടി എന്തെങ്കിലും കൊടുത്തതിനുശേഷമേ നിവേദ്യം സ്വീകരിക്കുകയുള്ളുവെന്നും വെളിപാടറിഞ്ഞു. വിവരങ്ങളറിഞ്ഞു ദു:ഖിതനായ തമ്പുരാന്‍ തന്ത്രിമുഖ്യരായ അടിമുറ്റത്ത് ഭട്ടതിരിമാരെ സമീപിച്ച് സൂര്യക്ഷേത്രത്തിന്‍റെ ജന്‍മാവകാശവും താന്ത്രികാവകാശവും നല്കി. തന്ത്രിമാരുടെ ഉപദേശാനുസരണം വീണ്ടും കൊടുങ്ങല്ലൂര്‍ പോയി ദേവിയെ ആവാഹിച്ചു കൊണ്ടുവന്ന് ഇന്നു കാണുന്ന പാട്ടമ്പലത്തില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണുണ്ടായത്.

രണ്ടാമത് കൊടുങ്ങല്ലൂരില്‍ നിന്നും ദേവിയെ ആവാഹിച്ചു താളമേളങ്ങളോടെ ദേവിസ്തുതി ആലപിച്ചുകൊണ്ടുവന്നപ്പൊള്‍ സ്തുതി ഗീതങ്ങളും താളമേളവും ഇരമത്തൂര്‍ കരയുടെ തെക്കേ അറ്റത്തുള്ള കടവില്‍ കേള്‍ക്കാനിടയായി. ധനാഢ്യരായ കടവില്‍ ചാന്നാന്‍മാര്‍ ഇടപ്പള്ളി തമ്പുരാന്‍റെ ആജ്ഞാനുസരണം പത്തേമാരികളിലും ചെറിയ പായ്ക്കപ്പലുകളിലും അന്യദേശങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്തും ഇവിടുത്തെ ഉല്പന്നങ്ങള്‍ ശേഖരിച്ച് അന്യനാടുകളില്‍ വിറ്റും വ്യാപാരം നടത്തിയിരുന്നു. അവിടുത്തെ തലമൂത്ത ചാന്നാടി കൊട്ടുമേളത്തിന്‍റെ വിവരം തിരക്കിയപ്പോള്‍ വല്ല്യത്ത് കാരണവര്‍ ഭഗവതിയെ കൊടുങ്ങല്ലൂരില്‍ നിന്നും ആവാഹിച്ച് കൊണ്ടുവരുന്നതാണെന്ന് ആരോ പറഞ്ഞറിഞ്ഞു. ഇതുകേട്ടതും ചാന്നാടി ഇപ്രകാരം പറഞ്ഞു. ശക്തിയുള്ള ഭഗവതിയാണെങ്കില്‍ എന്‍റെ കടവില്‍ അടുക്കട്ടെ. അങ്ങനെയടുത്താല്‍ ഞാന്‍ ഒരുവട്ടിപ്പണവും ഒരു കുത്തുപട്ടും കാണിക്ക അര്‍പ്പിക്കാം. ഇങ്ങനെ പറഞ്ഞതും വള്ളം പങ്കായക്കാരുടെ നിയന്ത്രണംവിട്ട് നേരെ തെക്കോട്ട് കുതിച്ചു കടവില്‍ വന്നടുത്തു. കൂടെയുണ്ടായിരുന്ന വെളിച്ചപ്പാട് അനുഗ്രഹിച്ച് തുള്ളി ചാന്നാട്ടിയെ സമീപിച്ചു. ചാന്നാടി ഭയഭക്തി ബഹുമാനത്തോടു പറഞ്ഞപ്രകാരം പ്രവര്‍ത്തിച്ചു. ചാന്നാട്ടിയുടെ ഉപഹാരം സ്വീകരിച്ച് തിരികെപ്പോരാന്‍ തുടങ്ങുമ്പോള്‍ എനിക്കൊന്നുമില്ല യോബ്ള എന്ന് ചാന്നാടി ചോദിച്ചു. എന്‍റെ ഭൂതഗണങ്ങളില്‍ രണ്ടുപേരെ നിന്‍റെ രക്ഷയ്ക്കായി ഇവിടെ നിറുത്തിയിട്ട് ഞാന്‍ പൊകുന്നു. ആണ്ടില്‍ ഒരിക്കല്‍ നിന്നെ വന്നു കണ്ടുകൊള്ളാമെന്ന് അരുളപ്പാടുണ്ടായി അതാണ് ഇന്നത്തെ വലിയവീട്ടില്‍ ദേവിക്ഷേത്രം. പഴയ ആചാരം അനുസരിച്ച് പറയ്ക്കെഴുന്നള്ളിക്കുമ്പോള്‍ അവിടെ എഴുന്നുള്ളിച്ചിരുത്തി വട്ടിപ്പണത്തിന്‍റെയും പട്ടിന്‍റെയും സ്മരണയ്ക്കായി പത്തുപണവും ഉടയാടയും അവിടെ നിന്നു നല്‍കുന്നുണ്ടായിരു ന്നു. അവിടെ പറയിടാറില്ല പകരം സ്ത്രീകള്‍ കുത്തലയില്‍ നെല്ലു കൊണ്ടുവന്നു സമര്‍പ്പിക്കു കയാണ്. ഇന്നത്തെ തലമുറ അതു വേണ്ടവിധത്തില്‍ ചെയ്യാത്തതിന്‍റെ ദോഷഫലങ്ങളും ദൃശ്യമാകാറുണ്ട്
    Read More